പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡൊ ഗില്ലിന്റെ എണ്ണം പറഞ്ഞ രണ്ട് സേവിംഗാണ് ജര്‍മനിയുടെ 2026 ലോകകപ്പ് യാത്രയ്ക്കു സഡന്‍ ബ്രേക്കിട്ടത്. 26കാരനായ ഗില്ലിന്റെ കന്നി ലോകകപ്പാണിത്. ക്യാപ്റ്റന്മാരുടെ കൂടിക്കാഴ്ചയക്കുശേഷം ജര്‍മന്‍ എന്‍ഡിലെ ബോക്സില്‍ ഷൂട്ടൗട്ട് തീരുമാനിച്ചു. ആദ്യ കിക്ക് ജര്‍മനിക്ക്. ഹവേര്‍ട്ട്സ് എടുത്ത പെനാല്‍റ്റി ഒര്‍ലാന്‍ഡൊ ഗില്‍ തടഞ്ഞു. പരാഗ്വെയുടെ ആദ്യകിക്കെടുത്ത മൗറീസ്യോയ്ക്കു പിഴച്ചില്ല.
1-0നു പരാഗ്വെ മുന്നില്‍. ജര്‍മനിയുടെ ജോഷ്വ കിമിഹ്, യമാല്‍ മുസിയാല, പരാഗ്വെയുടെ ഗുസ്താവൊ ഗോമെസ്, മത്യാസ് ഗലാര്‍സ എന്നിവരുടെ രണ്ടും മൂന്നും കിക്കുകള്‍ പാഴായില്ല. അതോടെ 3-2ന് പരാഗ്വെ മുന്നില്‍. ജര്‍മനിയുടെ നാലാം കിക്ക് എടുത്ത നിക് വോള്ട്ട്മേഡിന്റെ ഷോട്ട് ഒര്‍ലാന്‍ഡോ ഗില്‍ തടഞ്ഞു.
എന്നാല്‍, പരാഗ്വെയുടെ നാലും അഞ്ചും കിക്കുകള്‍ എടുത്ത അന്റോണിയൊ സനബ്രിയയ്ക്കും ഫാബിയാന്‍ ബല്ബൗനയ്ക്കും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ജര്‍മനിയുടെ അഞ്ചാം കിക്ക് നധീം അമിരി വലയിലാക്കി. ഷൂട്ടൗട്ടിലെ അഞ്ച് കിക്കും പൂര്‍ത്തിയായപ്പോള്‍ ഇരുടീമും 3-3 സമനിലയില്‍. അതോടെ സഡന്‍ ഡെത്ത്. ആറാം കിക്ക് എടുത്ത ജര്‍മനിയുടെ ജോനാഥന് ഥായ്ക്കു പിഴച്ചു. പന്ത് ഗാലറിയിലേക്കു പറന്നു. പരാഗ്വെയുടെ ആറാം കിക്കെടുത്ത ജോസ് കനാലെ, മാനുവല്‍ നോയറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് വലയിലാക്കി. പരാഗ്വെയ്ക്കു 4-3ന്റെ ജയം, പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത്.
ചിത്രത്തിലില്ലാ താരങ്ങള്‍
മാനുവല്‍ നോയര്‍, കായ് ഹവേര്‍ട്ട്സ്, ലെറോയ് സനെ, ഫ്ളോറിയന്‍ വിര്‍റ്റ്സ്, ഡെന്നിസ് ഉന്‍ഡാഫ്, ജോഷ്വ കിമിഹ്, അന്റോണിയോ റൂഡിഗര്‍... ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ ജര്‍മന്‍ സൂപ്പര്‍ താരങ്ങളുടെ പട്ടിക. മറുവശത്ത് പരാഗ്വെയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ കളിക്കുന്ന ഒരാള്‍ മാത്രം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ബ്രൈറ്റണിനുവേണ്ടി കളിക്കുന്ന ഡിയേഗോ ഗോമസ്. 4-4-2 ശൈലിയില്‍ പരാഗ്വെ.
4-2-3-1 ടാക്റ്റിക്സുമായി ജര്‍മനി. എന്നാല്‍, കളി തുടങ്ങിയപ്പോള്‍ കാര്യം ചൂടുപിടിച്ചു. രണ്ടാം മിനിറ്റില്‍ത്തന്നെ പരാഗ്വെയുടെ ആക്രമണം ജര്‍മനിയുടെ ഗോള്‍മുഖം വിറപ്പിച്ചു. മാനുവല്‍ നോയറിന്റെ രക്ഷപ്പെടുത്തലാണ് ജര്‍മനിക്കു തുണയായത്.
വിഎആര്‍ വിവാദം
ജര്‍മനി x പരാഗ്വെ റൗണ്ട് ഓഫ് 32 പോരാട്ടത്തിന്റെ അധിക സമയം; 105-ാം മിനിറ്റ്. ജര്‍മനിയുടെ നഥാനിയേല്‍ ബ്രൗണ്‍ എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് ജോനാഥന് ഥാ ഹെഡറിലൂടെ ഗോള്‍ നേടി. എന്നാല്‍, റഫറി വിഎആറിലൂടെ ഗോള്‍ നിഷേധിച്ചു. ജര്‍മന്‍ താരം വാള്‍ഡെമര്‍ ആന്റണ്‍ പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡൊ ഗില്ലിനെ ഫൗള്‍ ചെയ്തെന്നായിരുന്നു റഫറിയുടെ കണ്ടെത്തല്‍. എന്നാല്‍, ഫൗള്‍ ആയി കണക്കാക്കാന്‍ മാത്രം ഗൗരവമുള്ള ഒന്നും അവിടെ സംഭവിച്ചില്ലായിരുന്നു. ഗോള്‍ അനുവദിക്കാമായിരുന്നു എന്നാണ് പിന്നീടുള്ള റീപ്ലേകളില്‍ വ്യക്തമായത്.